Friday, 15 July 2016

ജാനമ്മയുടെ കഥ

                                          ജാനമ്മ തനിച്ചായിട്ട് ഇപ്പോൾ പത്ത് വർഷം ആയിക്കാണും, ഭർത്താവ് മരിച്ചതിനുശേഷം മക്കളെ പൊന്നുപോലെ നോക്കി വളർത്തിയതാണവർ പക്ഷേ പറക്കമുറ്റിയപ്പോൾ അവർ പറന്ന് പോയി.എന്നിട്ടും മക്കളോട് പിണങ്ങാതെ ജാനമ്മ ഇന്നും അവരെ ഒരുനോക്ക്‌ കാണാൻ കാത്തിരിക്കുകയാണ്‌.
                                      ഇന്നാണ്‌ ജാനമ്മക്ക് ഇങ്ങനെ ഒരു പൂതി തോന്നുന്നത്, കോഴി ഇറച്ചി തിന്നണം എന്ന് പക്ഷേ അതിന്‌ അവരുടെ കയ്യിൽ പണമില്ല ഇന്നെന്നല്ല വർഷങ്ങളായി അവർ മുണ്ട് മുറുക്കിയുടുത്താണ്‌ ജീവിക്കുന്നത് മക്കൾ വളർന്ന് വലുത്താകുമ്പോൾ കഷ്ടപ്പാടെല്ലാം തീരുമെന്ന് എല്ലാവരെയും പോലെ അവരും സ്വപ്നം കണ്ടതാണ്‌. ഇന്ന് ഈ ആഗ്രഹം തോന്നാൻ കാര്യമുണ്ട് അയൽ വീട്ടിലെ സുന്ദരിക്കോതപ്പെണ്ണാണ്‌ അതിനു കാരണക്കാരി, കോഴിക്കറീടെ മണം വന്നപ്പോൾ ജാനമ്മ വെറുതെ ഒന്നു ചോദിച്ചു , ഇന്നെന്താ ബിന്ദുജെ കോഴിക്കറിയാണോ? ആണെന്ന് മറുപടി പറഞ്ഞെങ്കിലും ബിന്ദുജ അപ്പുറത്തേക്ക് മാറി നിന്ന് പറഞ്ഞു “ ഓ തള്ള കൊതിമൂത്ത് ചോദിച്ചതാ ഇനി ഇവിടെ എല്ലാർക്കും വയറിളക്കമാരിക്കും ” .
                                   ജാനമ്മ വെറുതെ കുശലം ചോദിച്ചതായിരുന്നു.അപ്പോൾ തുടങ്ങിയ ആഗ്രഹമാണ്‌ കോഴിയെ വാങ്ങണമെന്ന്, വാങ്ങി കറിവെച്ച് അതിന്റെ മണം ബിന്ദുജേടെ മൂക്കിലും അരിച്ചു കേറണം എന്നത്.പക്ഷേ അതിനുള്ള കാശ് അവരുടെ കയ്യിൽ ഇല്ല ആകെ കയ്യിലുള്ള മുപ്പത് രൂപ അതിനു ഒരു കോഴിക്കുഞ്ഞിനെ കിട്ടും കോഴിയെകിട്ടില്ല. അന്നേരമാണ്‌ അവരുടെ മനസിൽ ആ നല്ല ഒരു ആശയം തോന്നിയത് മുപ്പത് രൂപക്ക് കോഴിക്കുഞ്ഞിനെ വാങ്ങുക അത്തിനെ അഴിച്ച് വിട്ട് വളർത്തുക, ഒരു മാസം വളർത്തിയിട്ട് പിടിച്ച് കറിവെക്കുക. നല്ല ആശയം, അങ്ങനെ അവർ കോഴിക്കുഞ്ഞിനെ വാങ്ങി.
 ഒന്നാമത്തെ ദിവസം !
 വാങ്ങിയ ഉടനെ അഴിച്ച് വിട്ടാൽ കോഴി അതിന്റെ പാട് നോക്കി പോകും എന്ന് ജാനമ്മക്ക് തോന്നി അതുകൊണ്ട് കോഴിക്കുഞ്ഞിന്റെ കാലിൽ ഒരു ചെറിയ ചരട്കെട്ടി ഒരു ചെടിയിൽ കെട്ടിയിട്ടു, കുറച്ച് അരിയും കൊടുത്തു.
 രണ്ടാമത്തെ ദിവസം !
ഇന്നും തലേന്നത്തെ പോലെ
 മൂന്നാമത്തെ ദിവസം!
ഇന്നു കോഴിയെ അഴിച്ചുവിടാൻ തീരുമാനിച്ചു, അഴിച്ച് വിട്ടെങ്കിലും പ്രതീക്ഷിച്ച പോലെ അത് എങ്ങോട്ടും ഓടി പോയില്ല, അത് മുൻകാല പരിചയം പോലെ ജാനമ്മയെ ഒട്ടിനിന്നു, ഇടക്ക് വിശന്നപ്പോൾ വിശാലമായിക്കിടക്കുന്ന ഭൂമിയിലേക്ക് ഇറങ്ങി തീറ്റ തിന്നു. (കോഴിക്കുഞ്ഞിന്‌ അറിയില്ലല്ലോ മനുഷ്യൻ ഭൂമിക്ക് അതിരു തിരിച്ച കാര്യവും അടുത്ത പറമ്പിൽ ഇറങ്ങിയാൽ മനുഷ്യൻ (ബിന്ദുജ) അതിനെ തല്ലിക്കൊല്ലുമെന്നും), പക്ഷേ കാര്യമായി ഒന്നും സംഭവിച്ചില്ല വിശപ്പ് മാറുമ്പോൾ കോഴിക്കുഞ്ഞ് വീണ്ടും തിരിച്ച് ജാനമ്മയുടെ അടുത്തേക്ക് തിരിച്ച് വരും.
   നാലാം ദിവസവും അഞ്ചാം ദിവസവും, അങ്ങനെ പല ദിവസങ്ങൾ കടന്നുപോയി, എന്നും ജാനമ്മയും കോഴിക്കുഞ്ഞും മാത്രം (ക്ഷമിക്കണം കോഴി ഇപ്പോൾ കുഞ്ഞല്ല). ജാനമ്മക്ക് കാര്യം പറയാൻ കോഴിക്കുഞ്ഞും അതിനു കാര്യം പറയാൻ ജാനമ്മയും മാത്രമായി കുറേ ദിവസങ്ങൾ, പക്ഷേ ജാനമ്മയുടെ മനസിൽ ഇപ്പോഴും ആ പഴയ ആഗ്രഹം ഉണ്ട് അതിനുള്ള മസാല ജാനമ്മ സംഘടിപ്പിച്ചിട്ടുണ്ട്!.
                              അങ്ങനെ ഒരു മാസം ആയി ജാനമ്മ ഒടുവിൽ ആ തീരുമാനം എടുത്തു കോഴിയെ കൊല്ലുക, പക്ഷേ ജാനമ്മക്ക് ഇപ്പോൾ ആകെയുള്ള ഒരു കൂട്ട് ഈ കോഴിയാണ്‌, ജാനമ്മ മനസില്ലാ മനസ്സോടെ അതിനെ പിടിച്ചു അവളെ പിടിക്കാൻ ജാനമ്മക്ക് ഒരു പ്രയാസവും ഇല്ല ജാനമ്മ അടുത്ത് ചെന്നാൽ അവൾ ഓടാറില്ല, അവൾക്ക് ലോകത്ത് ആകെ പേടിയില്ലാത്തത് ജാനമ്മയെ മാത്രമാണ്‌.(അവൾ? അതെ അവൾ തന്നെയാണെന്ന് ജാനമ്മക്ക് ഉറപ്പാ). കറിക്കത്തി കണ്ടിട്ടും അവൾക്ക് ഒന്നും തോന്നിയില്ല, പക്ഷേ ജാനമ്മക്ക് തോന്നി, ഒരു ഭാരക്കുറവ് ഇപ്പോൾ ഇതിനെ കൊന്നാൽ ഒരു നേരത്തേക്ക് പോലും തികയില്ല, ജാനമ്മ അങ്ങനെ ആ കൊലപാതകം നീട്ടി വച്ചു ഒരു മാസം കൂടിനോക്കാം അതിന്‌ ശേഷം കൊല്ലാം എന്ന് തീരുമാനിച്ചു.
                                 പിന്നീട് കൊല്ലാം എന്നു തീരുമാനിച്ചെങ്കിലും ജാനമ്മയുടെ ഉള്ളിന്റെ ഉള്ളിൽ അതിനെ എങ്ങനെ കൊല്ലും എന്ന ചിന്തയായിരുന്നു, കാരണം അതിനോട് ഉള്ളിന്റെ ഉള്ളിൽ ജാനമ്മക്ക് സ്നേഹമായിരുന്നു, ഒരു വശത്ത് കോഴിയോടുള്ള സ്നേഹവും മറുവശത്ത് കോഴിക്കറിവക്കണമെന്ന ആഗ്രഹവുമായി ജാനമ്മ ദിവസങ്ങൾ പറഞ്ഞയച്ചു.ജാനമ്മയുടെ പ്രീയപ്പെട്ടവളായി അങ്ങനെ അവൾ വളർന്നു.
                                    ഒരു ദിവസം പതിവില്ലാത്ത വിധം അവൾ കരയുന്നു, ജാനമ്മ പെട്ടന്ന് അടുക്കളയിലേക്ക് ഓടിച്ചെന്നു അടുക്കളയിലാണ്‌ കരച്ചിൽ കേട്ടത്, അവിടെ മൂലക്ക് വച്ചിരുന്ന ഒരു കുട്ടയിൽ നിന്നാണ്‌ കരച്ചിൽ കേൾക്കുന്നത്, ജാനമ്മനോക്കുമ്പോൾ കുട്ടക്കുള്ളിൽ അവൾ ഇരിക്കുന്നു, ജാനമ്മ അവളെ പെട്ടന്ന് പൊക്കി എടുത്തു, “എന്തു പറ്റി മോളെ” (ജാനമ്മ സ്നേഹം കൂടുമ്പോൾ അവളെ മോളെ എന്നും വിളിക്കാറുണ്ട്), അപ്പോളാണ്‌ ജാനമ്മ കുട്ടയ്ക്കകത്ത് ഒരു കുഞ്ഞ് മുട്ട കിടക്കുന്നത് കണ്ടത്, “ഓ ഇതിനാരുന്നോ നീ കരഞ്ഞത് ഞാൻ പേടിച്ച് പോയി”.പത്ത് കൊല്ലങ്ങൾക്ക് ശേഷം ജാനമ്മ മനസ്സു തുറന്ന് ചിരിച്ചത് അന്നാണ്‌.ജാനമ്മ പെട്ടന്ന് മുട്ട ബിന്ദുജയെ കാണിക്കാനായി അവരുടെ വീട്ടിലേക്ക് ചെന്നു, അവരുടെ മുറ്റം നിറയെ കോഴികൾ, ഒരു എട്ടു പത്തെണ്ണം കാണും, അവരെയാണോ ഈ ചക്കക്കുരുപോലിരിക്കുന്ന മുട്ട കാണിക്കാൻ പോകുന്നത്, ജാനമ്മ തിരിച്ചു നടന്നു, ജാനമ്മയെ നോക്കി അവൾ (കോഴി)മുറ്റത്ത് നിൽപ്പുണ്ട്, ജാനമ്മ അവളോടായി പറഞ്ഞു, കോഴിക്കറിയേക്കാൾ മുട്ടയാനല്ലതെന്നു എനിക്ക് നേരത്തേ അറിയാമെടി. ജാനമ്മ പൊട്ടിച്ചിരിച്ചു അത് കേട്ട് അവളും ചിരിച്ചു.                                              (ശരിക്കും ചിരിച്ചു).                                                  
.***************************************************************

2 comments:

ASEES EESSA said...

ജാനമ്മയുടെ കഥ നന്നായി . . .
ആശംസകള്‍ . .

സുധി അറയ്ക്കൽ said...

ഹായ്‌.കോഴിക്കറിയേക്കാൾ മുട്ടയാ നല്ലത്‌.നല്ല കഥ.

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി